ന്യൂയോർക്ക്: കരീബിയൻ കടലിൽ അമേരിക്കൻ സേന നടത്തിയ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടതായി യുഎസ് പ്രതിരോധ സെക്രട്ടറി സെക്രട്ടറി പീറ്റ് ഹെഗ്സേത് അറിയിച്ചു. ആക്രമിക്കപ്പെട്ടത് മയക്കുമരുന്ന് കള്ളക്കടത്തുകാരുടെ കപ്പലാണെന്നും യുഎസ് പ്രതിരോധ സെക്രട്ടറി വിശദമാക്കി.
നാർകോ ഭീകരവാദികളായ ആറ് പുരുഷന്മാർ ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് പ്രതിരോധ സെക്രട്ടറി വിശദമാക്കിയത്. മയക്കുമരുന്ന കള്ളക്കടത്ത് അവസാനിപ്പിക്കുന്നതിനായി നടപടികൾ ശക്തമാക്കുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിശദമാക്കിയതിന് പിന്നാലെ നിരവധി ആക്രമണങ്ങളാണ് യുഎസ് സൈന്യം മേഖലയിൽ നടത്തിയത്.
ആക്രമണ ദൃശ്യങ്ങൾ യുഎസ് പ്രതിരോധ സെക്രട്ടറി പുറത്ത് വിട്ടിട്ടുണ്ട്. സെപ്തംബറിൽ മയക്കുമരുന്ന് കള്ളക്കടത്തിനെതിരെ ആക്രമണം തുടങ്ങിയ ശേഷമുള്ള പത്താമത്തെ സംഭവമാണ് ഇത്. തെക്കൻ അമേരിക്കയിലും കരീബിയനിലും പസഫിക് സമുദ്രത്തിലുമാണ് ആക്രമണങ്ങളിൽ ഏറിയ പങ്കും സംഭവിച്ചിട്ടുള്ളത്.
ഇത്തരം ആക്രമണങ്ങളുടെ നിയമ സാധുതയും പ്രസിഡന്റിന് ഇത്തരം ആക്രമണത്തിന് നിർദേശിക്കാനുള്ള അധികാരവും യുഎസ് കോൺഗ്രസിൽ ഇതിനോടകം ചർച്ചയായിട്ടുണ്ട്. മയക്കുമരുന്ന് കടത്ത് സംഘമായ ട്രെൻ ഡേ ആരാഗ്വയെ ഭീകര സംഘടനയായി പ്രഖ്യാപിച്ച ഡോണൾഡ് ട്രംപ് തനിക്ക് ആക്രമിക്കാനുള്ള അധികാരമുണ്ടെന്നാണ് വിമർശനങ്ങളോട് പ്രതികരിച്ചത്.